Latest News
ഓര്‍മ്മകളില്‍ ലളിതാംബിക അന്തര്‍ജ്ജനം

സ്ത്രീ സ്വാതന്ത്ര്യത്തിന് സമൂഹം നല്‍കിയ വിലങ്ങുകള്‍ക്കെതിരെ സാഹിത്യ കൃതികളിലൂടെ പ്രതികരിച്ച വ്യക്തിയായിരുന്നു ലളിതാംബിക അന്തര്‍ജ്ജനം. സാഹിത്യ രചനയിലൂടെ ഉയരങ്ങള്‍ കീഴടക്കിയ ഈ എഴുത്തുകാരി സാഹിത്യ സംസ്കാരിക മേഖലകളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന കാലഘട്ടത്തില്‍ സ്ത്രീപക്ഷ ചിന്തകളെ ശക്തിയുക്തം ന്യായീകരിച്ചു.
വായനയും എഴുത്തും സ്ത്രീക്ക് അന്യമായിരുന്ന ലോകത്ത് നിന്നാണ് ലളിതാംബിക അന്തര്‍ജ്ജനം എഴുത്തുകാരിയായത്. നമ്പൂതിരി സമുദായത്തിന്റെ കടുത്ത ആചാരനാചരങ്ങളെ ആത്മധൈര്യത്താല്‍ മറികടന്ന അന്തര്‍ജ്ജനം മലയാള സാഹിത്യ ലോകത്തിടം നേടിയത് അനേകം ചെറുകഥകളിലൂടെയും അഗ്‌നിസാക്ഷി എന്ന ഒറ്റ നോവലിലൂടെയും കവിതകളിലൂടെയുമാണ്.
1909 മാര്‍ച്ച് 30ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര കോട്ടവട്ടത്ത് മഠത്തില്‍ കെ.ദാമോദരന്‍ പോറ്റിയുടെയും ചെങ്ങരപ്പള്ളി ആര്യാദേവിയുടെയും മകളായാണ് ലളിതാംബിക അന്തര്‍ജ്ജനം ജനിച്ചത്. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ കുട്ടിക്കാലം ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ സാമൂഹിക മുന്നേറ്റങ്ങളുടെ കാലമായിരുന്നു. മാപ്പിളലഹള, വൈക്കം സത്യാഗ്രഹം, നികുതി നിഷേധം തുടങ്ങിയ പ്രക്ഷോഭങ്ങളുടെ കാലഘട്ടമായിരുന്നു അന്ന്. സ്വാതന്ത്ര്യസമര നേതാവായി ഗാന്ധിജി അരങ്ങത്തേയ്ക്ക് വന്നത് അക്കാലത്താണ്. ഗാന്ധിജിയുടെ ആദര്‍ശങ്ങളില്‍ ആകൃഷ്ടരായി കസവ് വലിച്ചെറിഞ്ഞ് ഖദറുടുക്കാന്‍ ലളിതാംബിക തയ്യാറായി. ഇതിനിടയില്‍ സാഹിത്യ രചനയില്‍ ഏര്‍പ്പെട്ട ലളിതാംബിക 'ശാരദ' മാസികയില്‍ ഗാന്ധിജിയെപ്പറ്റി എഴുതിയ 'അഭിനവ പാര്‍ത്ഥസാരഥി' ആയിരുന്നു ആദ്യപ്രസിദ്ധീകൃത രചന(1923). ഇക്കാലത്ത് ധാരാളം കവിതകളും അവര്‍ എഴുതി.
1935ല്‍ ലളിതാംബിക ആദ്യനാടകം രചിച്ചു. കുളക്കട സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്ന് ഹെഡ്മാസ്റ്ററായി പെന്‍ഷന്‍ പറ്റുന്ന കവി സി.എസ്.സുബ്രഹ്മണ്യന്‍ പോറ്റിയുടെ യാത്രയയപ്പു വേളയില്‍ അവതരിപ്പിക്കാന്‍ എഴുതിയതായിരുന്നു അത്. വിധവ വിവാഹം അന്നുവരെ നമ്പൂതിരി സമുദായത്തില്‍ നടന്നിരുന്നില്ല. പക്ഷെ നാടകത്തിന്റെ ഇതിവൃത്തം അതായിരുന്നു. നാടകത്തിന്റെ ആറേഴു രംഗങ്ങള്‍ എഴുതിത്തീര്‍ന്നപ്പോഴാണ് സമുദായത്തിലെ ആദ്യ വിധവ വിവാഹം നടന്നത്. വി.ടിയുടെ കാര്‍മ്മികത്വത്തില്‍ എം.ആര്‍.ബി.ഉമാദേവി അന്തര്‍ജ്ജനത്തെ വിവാഹം കഴിച്ചു. 'പുനര്‍ജന്മം' എന്ന് പേരിട്ട നാടകം യോഗക്ഷേമ സഭയുടെ ഹരിപ്പാട് സമ്മേളനത്തിലവതരിപ്പിച്ചു.
|
|
Read more...
|
|